രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീ; രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1998 മേയ് 17നു കുടുംശ്രീക്കു തുടക്കമിട്ടതു മുന്‍നിര്‍ത്തിയാണ് മേയ് 17 കുടംബശ്രീ ദിനമായി പ്രഖ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുകേവലമായ ദിനമല്ല, ലോകശ്രദ്ധേ നേടിയ ഒരു ഏട് ആരംഭിച്ച ദിനമാണ്. ആ നിലയ്ക്കുള്ള ചരിത്രപ്രസക്തി ഈ ദിനത്തിനുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണു കുടുംബശ്രീ തുടങ്ങിയത്. ഇക്കാര്യത്തില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞു. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളില്‍ കേരളം ഏറ്റെടുക്കാന്‍ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. ഇതില്‍ വലിയ പങ്കു നിര്‍വഹിക്കാന്‍ കുടുംബശ്രീക്കു കഴിയും. 2025 നവംബര്‍ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത എന്നാണു ലക്ഷ്യം – മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതെങ്ങനെയെന്നതിനെക്കുറിച്ച് 1996ല്‍ അന്നത്തെ സര്‍ക്കാര്‍ പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കിയാല്‍ സമൂഹത്തിന്റെയാകെ ദാരിദ്ര്യാവസ്ഥയെ മുറിച്ചുകടക്കാന്‍ കഴിയുമെന്നു വ്യക്തമായത്. ഇതിന്റെ ഭാഗമായാണു കുടുംബശ്രീ രൂപമെടുക്കുന്നത്. തുടക്കത്തില്‍ വലിയതോതിലുള്ള സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംരംഭക, ഉത്പാതക മേഖലയില്‍ സ്ത്രീകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാകാത്തതാണെന്ന വ്യക്തമായ നിലപാടാണ് അന്നു സ്വീകരിച്ചത്. അതിന്റെ ഭാഗമായാണു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ നാടാകെ വ്യാപിപ്പിച്ചത്. അന്നത്തെ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്നു തെളിയിക്കുന്ന കാലമായിരുന്നു പിന്നീട്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണു കുടുംബശ്രീ. 46 ലക്ഷത്തിലധികം അംഗങ്ങളിലൂടെ ലക്ഷക്കണക്കിനു കുടുംബങ്ങളാണ് ഇതിന്റെ ഗുണഫലമനുഭവിക്കുന്നത്.

സ്ത്രീകളോടുള്ള ജനാധിപത്യ സമീപനത്തിന്റെ അഭാവമാണ് അവരുടെ സാമൂഹ്യ സാമ്പത്തികാവസ്ഥകള്‍ പിന്നോട്ടടിക്കപ്പെടുന്നതിലെ പ്രധാന ഘടകം. ഇത്തരം പരിമിതികള്‍ മറികടക്കാന്‍ ഉതകുംവിധത്തിലുള്ള സമഗ്ര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയെന്നതാണു കുടുംബശ്രീ ലക്ഷ്യമിട്ടത്. അതിനായി വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള സംഘടന ശക്തിപ്പെടുത്തിയാണു മുന്നേറിയത്. 3,90667 അയല്‍ക്കൂട്ടങ്ങളിലായി 46,16,837 അംഗങ്ങള്‍ ഇന്നു കുടുംബശ്രീയ്ക്കുണ്ട്. 25992 വയോജന അയല്‍ക്കൂട്ടങ്ങളിലായി 2,83615 പേരുമുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കു പിന്തുണ നല്‍കുന്നതിനായുള്ള 3352 അയല്‍ക്കൂട്ടങ്ങളിലായി 32860 പേരുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള 48 അയല്‍ക്കൂട്ടങ്ങളില്‍ 550 പേര്‍ അംഗങ്ങളാണ്. ഇവയോടൊപ്പം 18 മുതല്‍ 40 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കായി ഓക്‌സിലിയറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു. 19,544 ഓക്‌സിലിയറി ഗ്രൂപ്പുകളില്‍ 3,06,692 അംഗങ്ങളുണ്ട്. കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിക്കുകയാണ്. കുടുംബശ്രീ സംഘടനാ സംവിധാനത്തെ സജീവമാക്കുന്നതും ഏകോപിപ്പിക്കുന്നതും ലഘു സമ്പാദ്യ പ്രവര്‍ത്തനങ്ങളാണ്. നിലവില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് 8029.47 കോടി രൂപ സമ്പാദ്യവും 24237.33 കോടി രൂപ ആന്തരിക വായ്പയുമുണ്ട്. 2,27,000 അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളിലൂടെയുള്ള ലിങ്കേജ് വഴി 25895 കോടിയുടെ വായ്പയെടുത്തു വിവിധങ്ങളായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി റിവോള്‍വിങ് ഫണ്ട്, മാച്ചിങ് ഗ്രാന്റ് തുടങ്ങിയ പിന്തുണകള്‍ സര്‍ക്കാരും നല്‍കുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബശ്രീയെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുന്നുണ്ടെന്നും കണ്ണിലെ കൃഷ്ണമണിപോലെ കുടുംബശ്രീയെ സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹകരിക്കാനുമൊക്കെ കേരളം തയാറായതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം ഇത്ര വളര്‍ന്നു വലുതായത്. കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സമീപനത്തിന്റെ ഫലംകൂടിയാണു കുടുംബശ്രീയുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോ റേഡിയോ ശ്രീയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.