കുവൈറ്റ് തീപിടുത്തം, പ്രത്യേക വിമാനം കൊച്ചിയിലെത്തി; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി നാട്

കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.30ന് ആണ് പ്രത്യേക വിമാനം കൊച്ചിയിലെത്തിയത്. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദര്‍ശനം നടത്തിയശേഷം ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കുവൈറ്റ് അറിയിച്ചു.