ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം; ആളപായമില്ല

എറണാകുളം ഇടപ്പള്ളിയിൽ കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം .മുകളിലത്തെ നിലകളിൽ ലോഡ്ജും താഴെ റെസ്റ്റോറന്റും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമന൦. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടന്നത്.

രാവിലെ ആറ് മണിയോടാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഒരു മണിക്കൂറിനുള്ളിൽ നാല് നിലകളിലേക്കും തീ പടർന്നു. ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിയിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേനയും ഉടൻ സംഭവ സ്ഥലത്തെത്തി.

Read more

തീ പടർന്നതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് ലോഡ്ജ് പ്രവർത്തിച്ചിരുന്നത് എന്ന് ജില്ല ഫയ൪ ഓഫീസ൪ പറഞ്ഞു. പുലർച്ചെ ആളുകൾ കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.