മനോരമ നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടുന്നു; ഭാര്യയുടെ പരാതിയിലെ കോടതി വിധി മറ്റു മാധ്യമങ്ങള്‍ക്കുമുള്ള മറുപടി; തുറന്നടിച്ച് ഇപി

വ്യാജ വാര്‍ത്ത നല്‍കിയതിന് തന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മലയാള മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഈ പാത പിന്തുടരുന്ന മറ്റ് മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

എന്ത് നുണയും എഴുതി ജനങ്ങളെ വിഡ്ഡികളാക്കാം എന്ന് കരുതുന്ന മലയാള മനോരമയുടെ പ്രവര്‍ത്തന ശൈലിക്കും മാധ്യമ ധര്‍മ്മം മറന്നുള്ള നിലപാടുകള്‍ക്കും എതിരായുള്ള തക്കതായ മറുപടിയാണ് ഭാര്യ ഇന്ദിര നല്‍കിയ പരാതിയിലെ കോടതി

2020 സെപ്റ്റംബര്‍ 14 ന് പേരക്കുട്ടിയുടെ ആഭരണമെടുക്കാന്‍ ബാങ്കില്‍ പോയതിനെ മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ചെത്തി ബാങ്ക് ലോക്കര്‍ തുറന്നു എന്നും ദുരൂഹമായ ഇടപാട് എന്നുമാണ് മനോരമ വ്യാഖ്യാനിച്ചത്. അന്ന് തന്നെ ഇന്ദിര മാനനഷ്ടകേസ് നല്‍കിയിരുന്നു. ആ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ സബ്‌കോടതി വിധിച്ചിരിക്കുന്നു.

ഇടതുപക്ഷത്തേയും വിശിഷ്യാ സിപിഐഎമ്മിനേയും തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യവുമായി നിരവധി വ്യാജ സൃഷ്ടികളാണ് മനോരമ ഉള്‍പ്പടെ വലതുപക്ഷ മാധ്യമങ്ങള്‍ അന്നത്തെ പ്രതിപക്ഷവുമായി ചേര്‍ന്ന് നടത്തിയത്. ഇന്നും അത് തുടരുന്നു.

നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ കൂടി വേട്ടയാടുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. അത്യന്തം അപലപനീയവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണിത്തരം രീതികള്‍. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഒരംശമെങ്കിലും തെറ്റുതിരുത്തലിന് ഇത്തരം മാധ്യമങ്ങള്‍ മുന്നോട്ട് വന്നാല്‍ അത്രയും നന്നെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

കൊറാണ സമയത്ത് ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു’ എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും കാട്ടി ജയരാജന്റെ ഭാര്യ ഇന്ദിര കോടതിയെ സമീപിച്ചിരുന്നു. 2020 സപ്തംബര്‍ 14നാണ് മനോരമ വാര്‍ത്ത നല്‍കിയത്.

‘ലൈഫ് മിഷന്‍ കമ്മീഷന്‍ കിട്ടിയത് മന്ത്രി പുത്രനും’ എന്ന തലക്കെട്ടില്‍ സപ്തംബര്‍ 13ന് മനോരമ മറ്റൊരു വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചിലെത്തി ലോക്കര്‍ ഇടപാട് നടത്തിയത് ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു 14ന് നല്‍കിയ വാര്‍ത്ത. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ലോക്കറില്‍ നിന്നും പേരക്കുട്ടിയുടെ സ്വര്‍ണം ജന്മദിനാവശ്യത്തിന് എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്. ഇതിനെ നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കുകയായിരുന്നു മനോരമ.

മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അഭിഭാഷകരായ പി യു ശൈലജന്‍, എം രാജഗോപാലന്‍ നായര്‍എന്നിവര്‍ ഇന്ദിരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.