'എൽഡിഎഫിന് ശുഭാപ്‌തി വിശ്വാസമുണ്ട്, ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും': മുകേഷ്

നീണ്ട ക്യൂ നല്ല സൂചനയാണെന്നും എൽഡിഎഫിന് ശുഭാപ്‌തി വിശ്വാസമുണ്ടെന്നും കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. വ്യക്തിഹത്യയെ അതിജീവിക്കുമെന്നും കോളേജ് തിരഞ്ഞെടുപ്പിലെ ആരോപണങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമ ചന്ദ്രൻ ഉന്നയിക്കുന്നതെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ തെളിവുകൂടി നൽകണമെന്നും മുകേഷ് പറഞ്ഞു.

ലഘുലേഖ വിതരണം ചെയ്‌തത് സിപിഐഎമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകിയിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും മുകേഷ് വ്യക്തമാക്കി. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ ചെയ്തു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read more

പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്തിട്ടില്ല. പ്രേമചന്ദ്രന്‍റെ പരാതി കൊടുത്തിട്ടുണ്ടല്ലോ, അക്കാര്യം അന്വേഷിക്കട്ടെ. ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല. മത്സരം രാഷ്ട്രീയത്തിൽ മാത്രമാണ്. ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും മുകേഷ് പറഞ്ഞു. അതേസമയം കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു.