ഇടതു പാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്നു; ഹിന്ദു ഐക്യവേദി അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന്‍ സമ്പത്തിനെ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എ. കസ്തൂരി

ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവായിരുന്ന കെ അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരി. ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്ന് അദേഹം ആരോപിച്ചു.

തെറ്റ് തിരുത്താന്‍ ഒരിക്കലും സി.പി.എം തയാറല്ല. ഇടത് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി എന്നും കസ്തൂരി പറഞ്ഞു.

വിഷ്ണുസഹസ്രനാമത്തിലെ ഒരു വാക്ക് ‘സഖാ’ എന്നാണ്. എപ്പോഴും നമ്മുടെ കൂടെ ഉള്ളവനെന്നും ഒരിക്കലും നമ്മളെ കൈവിടാത്തവന്‍ എന്നും ‘സഖാ’ എന്ന വാക്ക് അര്‍ഥമാക്കുന്നത്. ഹിന്ദുശാസ്ത്രപരമായി ദൈവികമായ വാക്കാണിത്.

ഹിന്ദു ഐക്യവേദിയുടെ സാധാരണ പ്രവര്‍ത്തകനായി മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ചയാണ് അധ്യക്ഷനാക്കുമെന്ന വിവരം അറിഞ്ഞത്. അതിനാല്‍, അധ്യക്ഷ പദവി ഏറ്റെടുക്കുന്ന വിവരം സഹോദരന്‍ എ. സമ്പത്തിനെ അറിയിക്കാന്‍ സാധിച്ചില്ല. അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരനെയാണ്. വിവരം അറിഞ്ഞപ്പോള്‍ സഹോദരന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. അഭിപ്രായം ആവശ്യമെങ്കില്‍ സഹോദരങ്ങള്‍ പരസ്പരം ചോദിക്കാറുണ്ടെന്നും കസ്തൂരി മനോരമയ്ക്ക് നല്‍കിയ ബെറ്റില്‍ വ്യക്തമാക്കി.

കോളജ് കാലത്ത് എസ്.എഫ്.ഐയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഇടത് ആഭിമുഖ്യം അവസാനിപ്പിച്ചെന്നും കസ്തൂരി വ്യക്തമാക്കി. ഇന്നലെ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കല്ലിയൂര്‍ കൃഷ്ണകുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), ബിജു അറപ്പുര, വഴയില ഉണ്ണി (ജനറല്‍ സെക്രട്ടറിമാര്‍), നെടുമങ്ങാട് ശ്രീകുമാര്‍ (ട്രഷറര്‍), കെ.പ്രഭാകരന്‍ (സംഘടനാ സെക്രട്ടറി), പൂഴനാട് വേണുഗോപാല്‍, കെ.പ്രഭാകരന്‍ (സഹ സംഘടന സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.