കെഎസ്ഇബിയിലെ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കെഎസ്ഇബിയില്‍ കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണെന്ന് എം.എം മണി ആരോപിച്ചു. കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് കോടികളുടെ നഷ്ടം വരുത്തി. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേയെന്നും, തന്റെ കൈകകള്‍ ശുദ്ധമാണെന്നും എം.എം.മണി കൂട്ടിച്ചേർത്തു.
അതേസമയം കെഎസ്ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള കെഎസ്ഇബി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ക്രമക്കേടുണ്ടായെന്ന ചെയര്‍മാന്റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി കൊടുക്കുന്നുവെന്ന് ചെയര്‍മാന്‍ തന്നെ പറയുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read more
കഴിഞ്ഞ അഞ്ചര വര്‍ഷമായി കടുത്ത അഴിമതിയാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണിയും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി ക്ഷണിച്ചുവരുത്തിയ നഷ്ടം ചാര്‍ജ് വര്‍ദ്ധനയിലൂടെ സാധരാണക്കാരന് തിരിച്ചടിയാവുകയാണ്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി ചെയര്‍മാന്‍ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ഓഫീസ് പോലെയാണ് കെഎസ്ഇബി പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സതീശന്‍ പ്രശ്‌നം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കാനൊരുങ്ങുകയാണ്.