ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോടിക്കുകള്‍ വിറ്റാല്‍ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും

ഡോക്ടറുടെ വ്യക്തമായ കുറുപ്പടിയില്ലാതെ ആന്റിബയോടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മിക്ക രോഗാണുക്കളിലും ആന്റിബയോടിക്ക് പ്രതിരോധത്തിന്റെ തോത് വളരെ കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയെടുക്കുന്നത്. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍ഡ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ വാര്‍ഷിക അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനം എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ ആന്റി ബയോഗ്രാം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മിക്ക രോഗാണുക്കളിലും ആന്റിബയോടിക്ക് പ്രതിരോധനത്തിന്റെ തോത് കൂടി വരുന്നതായി കണ്ടെത്തിയത്.

മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങള്‍ക്കിടയിലും ഫിഷറീസ്, പരിസ്ഥിതി, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പഠനം നടത്തിയിരുന്നു. ഇതിന്‍ പ്രകാരം ഇവയിലെല്ലാം ആന്റിബയോടിക്കുകളുടെ പ്രതിരോധം കൂടിവരുന്നതായി കണ്ടെത്തി. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് തോത് ഉയരാന്‍ കാരണമെന്ന് യോഗം വിലയിരുത്തി.

ഡോക്ടര്‍മാരുടെ കൃത്യമായ കുറുപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളിലെത്തി നേരിട്ട് ആന്റിബയോടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്നതും ആന്റിബയോട്ടിക് പ്രതിരോധം കൂടുന്നതിന് കാരണമാകുന്നുവെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.