ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, ജി ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ, ലോക്സഭാംഗങ്ങള്‍ മറ്റ് ജനപ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് റസി. വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും, നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും. പൊതു സമ്മേളനത്തെ തുടര്‍ന്ന് മലയാളം മിഷന്‍, ഭാരത് ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ ബെന്യാമിന്‍, സിത്താര കൃഷ്ണകുമാര്‍, ഗൗരി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കുന്ന EXO 2024- അതിരുകള്‍ക്കുപ്പുറം എന്ന കലാപരിപാടി അരങ്ങേറും.
കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നാളെയും മറ്റെന്നാളുമാണ് ലോകകേരള സഭ ചേരുക. 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.
എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
Read more
ഇന്ന് രാവിലെ 10 30 ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും കേരള മൈഗ്രേഷന്‍ സര്‍വേയുടെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സെമിനാറും നടക്കും.