സി.പി.എമ്മിന്റെ നേതാവായിട്ടുള്ള മുഖ്യമന്ത്രിയാണ് ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത തരത്തിൽ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ചോദ്യങ്ങൾ നേരിടുന്നത്: ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി എം.ബി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച ബഹിഷ്കരിക്കാനുള്ള സി.പി.ഐ (എം) തീരുമാനത്തെ വിമർശിച്ച ചാനലിന്റെ ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് മറുപടിയുമായി സി.പി.എം നേതാവ് എം.ബി രാജേഷ്. ട്രൂ സ്റ്റോറി എന്ന പേരിൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം.ബി രാജേഷ് നടത്തിവരുന്ന പരിപാടിയിലൂടെ ആണ് മറുപടി നൽകിയത്.

എം.ബി രാജേഷിൻറെ മറുപടി:

ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി രാധാകൃഷ്‌ണൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിന്നും വിട്ടുനിൽക്കാനുള്ള സി.പി.ഐ (എം) നിലപാടിനോട് നടത്തിയ പ്രതികരണത്തെ കുറിച്ചാണ്. അദ്ദേഹം പറഞ്ഞ പ്രധാനപെട്ട മൂന്ന് കാര്യങ്ങൾ എങ്ങനെ വസ്തുത വിരുദ്ധമാകുന്നു എന്ന് ചൂണ്ടികാണിക്കാനാണ് ആഗ്രഹിക്കുന്നത്.

ഒന്നാമത് അദ്ദേഹം പറഞ്ഞു ചോദ്യങ്ങൾ നേരിടുന്നതിന് പകരം മോണോലോഗിൽ മാത്രമാണ്, ഏകമുഖമായ അങ്ങോട്ട് പറയുന്നതിൽ മാത്രമാണ് താല്പര്യം എന്നത് കൊണ്ടാണ് സി.പി.ഐ (എം) ന്യൂസ് അവർ ചർച്ചകളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്ന്. അദ്ദേഹം മറന്നു പോകുന്ന ഒരു വസ്തുത സി.പി.ഐ എം ന്റെ നേതാവായിട്ടുള്ള മുഖ്യമന്ത്രിയാണ് ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത തരത്തിൽ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ചോദ്യങ്ങൾ നേരിടുന്നത്. എല്ലാ ദിവസത്തെയും പത്രസമ്മേളനങ്ങളിൽ പതിവായി മുടങ്ങാതെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരാൾ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാണ്. അപ്പോൾ ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് പോലും ചീഫ് എഡിറ്റർ പറയുന്നത് വിശ്വാസ യോഗ്യമാകുന്നുണ്ടാവില്ല. കാരണം അദ്ദേഹം എല്ലാ ദിവസവും മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ എല്ലാം സി.പി.എമ്മിന്റെ പ്രതിനിധികൾ എന്ന നിലയിൽ ടെലിവിഷൻ സംവാദങ്ങളിൽ എല്ലാ ദിവസവും എന്നതുപോലെ ചോദ്യങ്ങൾ നേരിടുകയും അതിന് ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് അത്തരം ഉത്തരം നൽകാനുള്ള ഒരു സാധ്യത അടച്ചു കളയുകയും സംവാദം അസാധ്യമാക്കി തീർക്കുകയും ചെയ്തപ്പോഴാണ് മറ്റ് ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങളിൽ മാത്രം പങ്കെടുക്കാം, ഉത്തരം നല്കാൻ അവസരം നല്കുന്നിടത്ത് മാത്രം പങ്കെടുക്കാം എന്ന് തീരുമാനം സ്വീകരിച്ചത്.

രണ്ടാമത്തെ കാര്യം, എം.ജി രാധാകൃഷ്‌ണൻ പറഞ്ഞു ചോദ്യങ്ങൾ അധികവും അവരോടാണ് എന്ന് പറഞ്ഞാൽ സി.പി.ഐ എമ്മിനോടാണ്, കള്ളക്കടത്ത് സംബന്ധിച്ച്‌. അതുകൊണ്ടാണ് തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കുന്നത് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കള്ളക്കടത്ത് തടയുക എന്ത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. കസ്റ്റംസ് കേന്ദ്ര സർക്കാർ ഏജൻസിയാണ്. കഴിഞ്ഞ ഒരു വർഷമായി ഡിപ്ലോമാറ്റിക് ചാനലിലൂടെ തുടർച്ചയായി കള്ളക്കടത്ത് നടന്നിട്ടുണ്ട് എന്ന് എൻ.ഐ.എ പറയുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കസ്റ്റംസിനും കേന്ദ്ര സർക്കാരിനുമാണ്. അപ്പോൾ അവരോടല്ല ചോദ്യങ്ങൾ പക്ഷെ കേരള സർക്കാരിനോടാണ് എന്നാണ് ഏഷ്യാനെറ്റിന്റെ ചീഫ് എഡിറ്റർ പറയുന്നത്. ഞാൻ അദ്ദേഹത്തോട് ബഹുമാനപൂർവ്വം ചോദിക്കുന്ന ഒരു കാര്യം കള്ളക്കടത്ത് നിർബാധം നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ അതിലുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ഒരു ചോദ്യമെങ്കിലും നിങ്ങൾ ഇതുവരെ ഉള്ള ചർച്ചകളിൽ ചോദിച്ചോ. യഥാർത്ഥത്തിൽ നിങ്ങൾ ഈ രണ്ടാഴ്ച തുടർച്ചയായി ചർച്ച നടത്തിയിട്ട് എന്നെങ്കിലും കള്ളക്കടത്തിനെ കുറിച്ച് ചർച്ച ചെയ്തോ, ചർച്ച ചെയ്തത് മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചായിരുന്നില്ലേ. എന്താണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്താൻ, കള്ളക്കടത്ത് തടയുന്നതിൽ കേന്ദ്രത്തിന്റെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ നിങ്ങൾ അധൈര്യപ്പെടുന്നത്. പിന്നെ അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യമുണ്ട് ഞങ്ങൾ ഉത്തരം നൽകേണ്ട ഒരു കാര്യമുണ്ടായിരുന്നു, അത് ശിവശങ്കറിന്റെ കാര്യത്തിലാണ്. കാരണം അദ്ദേഹം സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. അതിന് ഉത്തരം നൽകാൻ സന്നദ്ധരായത് കൊണ്ടാണ് ഞങ്ങൾ എല്ലാ ദിവസവും സംവാദങ്ങളിൽ പങ്കെടുക്കുന്നത്. പക്ഷെ ഉത്തരം നല്കാൻ അനുവദിക്കുന്നില്ല. അതാണ് ഞങ്ങൾ ഉയർത്തിയ ആക്ഷേപം, അത് എം.ജി രാധാകൃഷ്‌ണൻ തന്നെ അതിൽ സമ്മതിക്കുന്നും ഉണ്ട്.

എം.ജി രാധാകൃഷ്‌ണൻ പറയുന്നു സമയം എല്ലാവർക്കും തുല്ല്യമായി നൽകാനാവില്ല. കേക്ക് മുറിച്ചു കൊടുക്കുന്നത് പോലെ സമയം കൊടുക്കാൻ പറ്റില്ല. അദ്ദേഹം തന്നെ പറയുന്നു ചോദ്യങ്ങൾ മുഴുവൻ അവരോടാണ് പക്ഷെ അദ്ദേഹം തന്നെ പറയുന്നു സമയം ഒന്നും അങ്ങനെ തുല്ല്യമായി കൊടുക്കാൻ ആവില്ല എന്ന്. എന്റെ അനുഭവം ഞാൻ പറയാം, അവസാനം പങ്കെടുത്ത ചർച്ചയിൽ പതിനേഴ് തവണ അവതാരകൻ തടസ്സപ്പെടുത്തിയ ശേഷം എനിക്ക് കിട്ടിയത് ഒമ്പത് മിനിറ്റ് അമ്പത്തിരണ്ട് സെക്കന്റാണ്, അതിനർത്ഥം സർക്കാരിന് എതിരായ മറ്റെല്ലാവരും കൂടി സംസാരിച്ചത് അമ്പത് മിനിറ്റാണ്. അമ്പത് മിനിറ്റ് എതിരായി സർക്കാരിനെ വിമർശിച്ചു കൊണ്ട് ഘോര ഘോരം സംസാരിക്കാൻ തടസ്സമില്ലാതെ സംസാരിക്കാൻ അവസരം കൊടുക്കുക, പ്രതിരോധിക്കാൻ വരുന്ന ആൾക്ക്, മറുപടി പറയാൻ വരുന്ന ആൾക്ക് പത്ത് മിനിറ്റിൽ താഴെ മാത്രം അനുവദിക്കുക. ഈ പ്രകടമായ അന്യായം മാത്രമാണ് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്.

മൂന്നാമത്തെ കാര്യം, എം.ജി രാധാകൃഷ്‍ണൻ അല്പം പരിഹാസത്തോടെ പറഞ്ഞു, ഇവിടെ കാര്യങ്ങൾ പറയാതെ ഇത് കഴിഞ്ഞു പോയി നേരെ സാമൂഹിക മാധ്യമങ്ങളിൽ വിശദമായി മറുപടി പറയുന്നു. മറുപടി പറയാൻ ഞങ്ങൾക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടല്ല നിങ്ങൾ മറുപടി പറയാൻ അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് നിങ്ങളുടെ വേദിയിൽ പറയേണ്ട മറുപടി സാമൂഹിക മാധ്യമങ്ങളിൽ പറയേണ്ടി വരുന്നത്. അത് ഞങ്ങളുടെ ആരോപണത്തെ ശരി വയ്ക്കുന്നതാണ്. ഇവിടെ പ്രശനം സാമൂഹിക മാധ്യമങ്ങളിൽ പോയി ഉന്നയിച്ച കാര്യങ്ങൾ ശരിയാണോ അല്ലയോ എന്നുള്ളതാണല്ലോ. എം.ജി രാധാകൃഷ്‌ണൻ അങ്ങനെ പരിഹാസത്തോടെ പറയുമ്പോൾ അദ്ദേഹം പറയേണ്ടത് പറഞ്ഞത് എവിടെ എന്നുള്ളതല്ല, ഏഷ്യാനെറ്റ് ന്യൂസ് ആറുകാര്യങ്ങളിൽ തെറ്റായ വസ്തുതാ വിരുദ്ധമായ അസത്യ പ്രചാരണം നടത്തി എന്ന ആക്ഷേപം അതിനോടാണ് അദ്ദേഹം പ്രതികരിക്കേണ്ടത്. അതിന് മറുപടി വല്ലതും ഉണ്ടോ. അതിനു അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല പകരം അദ്ദേഹം പറഞ്ഞത് ഇവിടെ പറയാതെ സാമൂഹിക മാധ്യമങ്ങളിൽ പോയി പറയുന്നു എന്നാണ്. പറഞ്ഞത് എവിടെയോ ആകട്ടെ നിങ്ങൾക്ക് എന്ത് മറുപടി ഉണ്ട് എന്നാണ് ആദരവോട് കൂടെ അദ്ദേഹത്തോട് ചോദിക്കാനുള്ളത്.

അവസാനമായി ഒരൊറ്റ കാര്യം മാത്രം, ബഹുമാന്യനായ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.ഐ.എം ആണ് തിരുത്തൽ വരുത്തേണ്ടത്, അതിനർത്ഥം ഏഷ്യാനെറ്റിന് ഒന്നും പുനഃപരിശോധന നടത്താനില്ല ഒന്നും തിരുത്താനില്ല എന്നാണല്ലോ. അതാണല്ലോ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ സമീപനം എന്നുവേണം ചീഫ് എഡിറ്റർ അങ്ങനെ പറയുമ്പോൾ മനസിലാക്കാൻ. അത് എന്ത് തരത്തിൽ ഉള്ള ജനാധിപത്യ ബോധമാണ് എന്ന ചോദ്യം ന്യായമായിട്ടും ഉയരുന്നു. ഒരാത്മവിമർശനവും തങ്ങൾക്കു നടത്താനില്ല എന്നതാണ് ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട് അത് ശരിയാണോ എന്നതിനെ കുറിച്ച് ഞാൻ വിധി പ്രസ്താവം നടത്തുന്നില്ല അത് പ്രേക്ഷകർക്ക് ജനങ്ങൾക്ക് വിട്ടു കൊടുക്കുന്നു.

Read more

https://www.facebook.com/mbrajeshofficial/videos/387345922229653/