ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മെഡിക്കൽ ടീം, ഐപിഎൽ 2025 സീസണിലേക്കുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വൈകിപ്പിക്കും എന്ന് റിപ്പോർട്ടുകൾ. സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറ ഏപ്രിൽ ആദ്യത്തോടെ മത്സരത്തിന് തയ്യാറാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. എന്തായാലും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര സന്തോഷം നൽകുന്നത് അല്ല.
ജനുവരിയിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ ബുംറയ്ക്ക് പരിക്ക് പറ്റുക ആയിരുന്നു. ശേഷം ഇതുവരെ കളത്തിൽ ഇറങ്ങാത്ത താരം ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തില്ല. ജസ്പ്രീത് ബുംറയുടെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്ന് റിപ്പോർട്ട് വരുന്നു. നെറ്റ്സിൽ ബൗളിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർണ്ണ തീവ്രതയിലെത്തിയിട്ടില്ല. സെന്റർ ഓഫ് എക്സലൻസിലെ അദ്ദേഹത്തിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ബിസിസിഐ മെഡിക്കൽ സംഘം, സ്ട്രെസ് ഫ്രാക്ചർ ഉൾപ്പെടെയുള്ള ദീർഘകാല പ്രശ്നങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ജാഗ്രത പാലിക്കുന്നു.
“ബുംറയുടെ പരിക്ക് കുറച്ചുകൂടി ഗുരുതരമാണ്. അദ്ദേഹത്തിന് സ്ട്രെസ് ഫ്രാക്ചർ ഉണ്ടാകില്ലെന്ന് മെഡിക്കൽ ടീം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ബുംറ തന്നെ അയാളുടെ കാര്യത്തോൽ ശ്രദ്ധാലുവാണ്. അദ്ദേഹം നെറ്റ്സിൽ പന്തെറിയുന്നുണ്ട്, പക്ഷേ പൂർണ്ണ സ്വിംഗിലേക്ക് തിരിച്ചെത്താൻ കൂടുതൽ സമയമെടുത്തേക്കാം. കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല, പക്ഷേ ഏപ്രിൽ പകുതിയോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,”
ഇന്ത്യയെ സംബന്ധിച്ച് ബുംറയെ പോലെ ഒരു താരത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ പറ്റില്ല. അതിനാൽ തന്നെ മുംബൈ ഇന്ത്യൻസിന് പേസറെ ടീമിൽ കിട്ടാൻ സമയം എടുക്കും എന്ന് സാരം.