മലപ്പുറത്ത് എം പോക്സ്? 38കാരന്റെ പരിശോധനാഫലം ഇന്ന്

എം പോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 38കാരന്റെ പരിശോധനാ ഫലം ഇന്ന് വരും. മലപ്പുറം എടവണ്ണ ഒതായി സ്വദേശിയാണ് ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് യുവാവിന് എംപോക്സ്‌ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് യുവാവ് ദുബൈയിൽ നിന്നും നാട്ടിൽ എത്തിയത്.

ലക്ഷണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രോഗസ്ഥിരീകരണത്തിന് യുവാവിന്റെ സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. യുവാവിന് രോഗം സ്ഥിരീകരിച്ചാൽ, രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്‍റീൻ നൽകും. രോഗവ്യാപനം തടയാൻ കർശന നടപടികളിലേക്ക് കടക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. അതേസമയം നാട്ടിലെത്തിയ ശേഷം വലിയ തോതിലുള്ള സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുള്ളത്.