എന്‍.ഡി.ടി.വി കൈവശപ്പെടുത്തി; 'ദ ഹിന്ദു'വിനെ ഏറ്റെടുക്കാനെത്തുന്നു; കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നു; രൂക്ഷവിമര്‍ശനവുമായി എം.എ ബേബി

ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ വരുതിയിലാക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. കോര്‍പ്പറേറ്റുകളെ ഉപയോഗിച്ച് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുകയാണ്. എന്‍ഡിടിവി പോലെയുള്ള മാധ്യമങ്ങളുടെ ഓഹരിയും വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയത് ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്.

ഒരുകാലത്ത് മതേതര നിലപാട് സ്വീകരിച്ച ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’വിനെ ഏറ്റെടുക്കാന്‍ ഒരു കുത്തക തയ്യാറായി നില്‍ക്കുന്നു. ഇഡി എടുത്ത ഒരു ശതമാനം കേസുപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് ഇത്തരം ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടാമാഫിയാ സംഘമായാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. ചെറുത്തുനില്‍ക്കുന്നവരുടെ നിലനില്‍പ്പുപോലും ഇല്ലാതാക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപകാലത്ത് അവിടുത്തെ മൂന്ന് പ്രമുഖ മാധ്യമങ്ങള്‍ ഹിന്ദുവര്‍ഗീയ ശക്തികള്‍ക്കായി നിലകൊണ്ടത് എഡിറ്റേഴ്സ് ഗില്‍ഡ് കണ്ടെത്തിയിരുന്നു.

Read more

ഗുജറാത്തില്‍ നടത്തിയ പരീക്ഷണമാണ് ഇന്ന് ദേശവ്യാപകമായി മാധ്യമങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ നടത്തുന്നത്. ഇതിനെതിരായ ചെറുത്തുനില്‍പ്പാണ് കാലം ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ വാര്‍ റൂം രാജ്യത്തെ മുഴുവന്‍ വാര്‍ത്തകളിലും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു. സിനിമ ഉള്‍പ്പെടെയുള്ള മേഖലകളിലും കാവിവല്‍ക്കരണം ശക്തമാണ്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് വര്‍ഗീയ ചരിത്രനിര്‍മിതി ബോധപൂര്‍വം നടത്തുകയാണ്. സിനിമകളടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജനിര്‍മിതികളെ സ്വീകാര്യമാക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. ഇതിലെ വര്‍ഗീയ ഉള്ളടക്കം ജനങ്ങളുടെ ഉള്ളിലേക്ക് അറിയാതെ എത്തുകയാണെന്നും അദേഹം പറഞ്ഞു.