ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും; യെച്യൂരി ലൈനില്‍ എംഎ ബേബി

ബിജെപിയെ പരാജയപ്പെടുത്താന്‍ എവിടെയൊക്കെ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും എംഎ ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി. ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചില്‍ ആണെന്ന് മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറി വരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവര്‍ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണമെന്നും എംഎ ബേബി വ്യക്തമാക്കി.

സിപിഎം ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വിവാദങ്ങളിലും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. എമ്പുരാനെതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല. ബിജെപിയുടേത് നവ ഫാസിസ്റ്റ് സര്‍ക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പാവകളായി ഗവര്‍ണര്‍മാര്‍ മാറുന്നുവെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

കോടതികള്‍ ഇത് നിസംഗമായി നോക്കിനില്‍ക്കുന്നു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്നും എംഎ ബേബി അറിയിച്ചു. അതേസമയം തെറ്റ് തിരുത്തി ഒരാള്‍ തിരിച്ചെത്തിയാല്‍ അയാള്‍ വേണ്ടെന്ന് സിപിഎം പറയില്ലെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിന്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താന്‍ വേണ്ടിയുള്ള ഇടപെടല്‍ നടത്തും. പ്രായ പരിധി മൂലം പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞവര്‍ മുമ്പത്തേത് പോലെ പാര്‍ടിക്ക് സംഭാവനകള്‍ നല്‍കി തുടര്‍ന്നു പോകുമെന്നും ബേബി പറഞ്ഞു.

അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്നായിരുന്നു എംഎ ബേബിയുടെ പ്രസ്താവന. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും എംഎ ബേബി വ്യക്തമാക്കി.