സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി. ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെയാണ് നടപടി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്.
മധു മുല്ലശ്ശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു പറഞ്ഞതെല്ലാം അവാസ്തവമാണെന്നും വി ജോയി പറഞ്ഞു. ഏരിയാ സമ്മേളനത്തിനിടെയല്ല, സമ്മേളനം സമാപിച്ച ശേഷമാണ് മധു പോയതും പാർട്ടിക്കെതിരെ പരാമർശം നടത്തിയതെന്നും വി ജോയി പറഞ്ഞു. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് മധുവിനെതിരായ നടപടി തീരുമാനിക്കുമെന്നും വി ജോയി അറിയിച്ചു.
ഏരിയാ കമ്മിറ്റി തിരഞ്ഞെടുത്ത ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നുവെന്നും ജലീലിനെ കമ്മിറ്റി അംഗങ്ങൾ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തതെന്നും വി ജോയി പറഞ്ഞു. അതേസമയം വി. ജോയിക്കെതിരായ ആരോപണം മറുപടി അർഹിക്കാത്തതാണെന്ന് കടകംപ്പള്ളി സുരേന്ദ്രനും പറഞ്ഞു. മധുവിനെതിരെ പാർട്ടിക്ക് മുന്നിലുള്ള പരാതികളെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. സമ്പന്നായ ഒരാൾ ഏരിയാ സെക്രട്ടറിയായതൊക്കെ അതിൻ്റെ ഭാഗമായുള്ള കാര്യങ്ങളാണ്. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന ആൾ സംഘനാപരമായി ഇത്തരം പാപ്പരത്തമുള്ള ആളാണെന്ന കാര്യം തിരിച്ചറിയാൻ സാധിച്ചില്ല. മധുവിന്റെ മകൻ പോലും പാർട്ടി മാറിയാൽ പോകുമോയെന്ന് സംശയമുണ്ടെന്നും കടകംപളളി പരിഹസിച്ചു.