വയനാട് ദുരന്തം നികത്താനാവാത്ത നഷ്ടങ്ങളാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ക്ക് സമ്മാനിച്ചത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും കിടപ്പാടം ഉള്‍പ്പെടെ സര്‍വ്വതും ഉരുളെടുത്തവരും നിരവധിയാണ്. എന്നാല്‍ നിയാസിന് നഷ്ടമായത് ഉപജീവന മാര്‍ഗമായ ജീപ്പ് ആയിരുന്നു. നിയാസിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ഫണ്ണീസ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ജീപ്പ് വാങ്ങിയത്. നിയാസിന് പുതിയ ജീപ്പ് വാങ്ങി നല്‍കാമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ തനിക്ക് നേരത്തെ ഉപയോഗിച്ചിരുന്ന മഹിന്ദ്ര ഥാര്‍ മതിയെന്നായിരുന്നു നിയാസിന്റെ മറുപടി.
ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലൂടെ നിയാസ് ഉപയോഗിച്ചിരുന്നതിന് സമാനമായ പഴയ മോഡല്‍ ഥാര്‍ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിച്ച് തുടങ്ങുന്നത്. വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു.
Read more
വ്യാപക അന്വേഷണത്തിനൊടുവില്‍ ഇടുക്കിയില്‍ നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്‍ഡ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം ഇന്ന് നിയാസിന് കൈമാറിയത്.