മലയാളികള്‍ അഞ്ചു വര്‍ഷത്തിനിടെ മദ്യനികുതിയായി നല്‍കിയത് 46,546.13 കോടി രൂപ

മദ്യനികുതിയായി കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് മലയാളികള്‍ നല്‍കിയത് 46,546.13 കോടി രൂപയെന്ന് കണക്കുകള്‍. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണിത്. വിവരാവകാശ പ്രവര്‍ത്തകനായ എംകെ ഹരിദാസ് ടാക്സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.

766 കോടി രൂപയാണ് പ്രതിമാസം മദ്യപിക്കുന്നവര്‍ നല്‍കുന്ന നികുതി. ഒരു ദിവസം ഏകദേശം 25.53 കോടിയോളം രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി ലഭിച്ചത് 2018-19, 2019-20 കാലത്താണ്. 2018-19 സമയത്ത് 9,615.54 കോടിയായിരുന്നു നികുതി വരുമാനം. 2019-20 ല്‍ ഇത് 10,332.39 കോടിയായി ഉയര്‍ന്നു. ബെവ്‌കോയ്ക്ക് ലഭിക്കുന്ന ലാഭത്തിന് പുറമേയാണ് ഈ വരുമാനം. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള കാലത്ത് മദ്യനികുതി ഇനത്തില്‍ ആകെ ലഭിച്ചത് 30,770.58 കോടിയായിരുന്നു.

ബെവ്കോയ്ക്ക് 2016-17 ല്‍ 85.93 കോടിയും, 2017-18 ല്‍ 100.54 കോടിയുമാണ് ലാഭം കിട്ടിയത്. പിന്നീടുളള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് വിശദീകരണം. അപ്പീല്‍ നല്‍കിയ ശേഷമായിരുന്നു മദ്യ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ടാക്‌സ് കമ്മീഷണറേറ്റ് നല്‍കാന്‍ തയ്യാറായത്.

2011-12 ല്‍ 4740.73 കോടി രൂപ, 2012-13 ല്‍ 5391.48 കോടി രൂപ, 2013-14 ല്‍ 5830.12 കോടി രൂപ, 2014-15 ല്‍ 6685.84 കോടി രൂപ, 2015-16 ല്‍ 8122.41 കോടി രൂപ, 2016-17 ല്‍ 8571.49 കോടി രൂപ, 2017-18 ല്‍ 8869.96 കോടി രൂപ, 2018-19 ല്‍ 9615.54 കോടി രൂപ, 2019-20 ല്‍ 10332.39 കോടി രൂപ, 2020-21 ല്‍ 9156.75 കോടി രൂപ എന്നിങ്ങനെയാണ് ഓരോ വര്‍ഷവും സര്‍ക്കാരിന് മദ്യനികുതിയായി ലഭിച്ച തുക.