വയനാട്ടില്‍ വനം വികസന ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കാന്‍ ആഹ്വാനം; തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ആരംഭിച്ചു

വയനാട് തലപ്പുഴ കമ്പമലയില്‍ വനം വികസന ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനം വികസന ഓഫീസിന് നേരെ ആക്രമണം നടന്നത്. ആറംഗ സായുധ സംഘമാണ് ഓഫീസ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സായുധ സംഘം മുദ്രാവാക്യം വിളിച്ച് ഓഫീസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മാനേജരെ പുറത്താക്കിയ ശേഷം ഓഫീസിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു. കമ്പമല പാടിയിലെ തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അതേ സമയം മാവോയിസ്റ്റുകള്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കമ്പമല പാടിയിലെ തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കുക, തൊഴിലാളികള്‍ ആസ്‌പെറ്റോസിന് താഴെ അന്തിയുറങ്ങുമ്പോള്‍ തോട്ടം അധികാരികളെ മണിമാളികയില്‍ ഉറങ്ങാന്‍ അനുവദിക്കില്ല എന്നിങ്ങനെയാണ് വനം വികസന ഓഫീസില്‍ പതിപ്പിച്ച പോസ്റ്ററുകള്‍. കൂടാതെ സായുധ കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കാനും മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.