കണ്ണൂര്‍ അയ്യന്‍കുന്നിലുണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തതായും ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് രക്തം തളം കെട്ടി കിടന്നതായും ഡിഐജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംഘത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും എത്ര പേര്‍ക്ക് പരിക്കേറ്റെന്നതില്‍ വ്യക്തതയില്ലെന്നും ഡിഐജി അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുന്ന സ്ഥലത്ത് ഉന്നത പൊലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റൂറല്‍ എസ്പിയെ കൂടാതെ ജില്ലയിലെ അഞ്ച് ഡിവൈഎസ്പിമാരും സ്ഥലത്തുണ്ട്.
Read more
ഇന്നലെ അര്‍ദ്ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പരിശോധന തുടരുന്നു. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വന മേഖലയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം പൊലീസ് അടച്ചു. പ്രദേശത്ത് ശക്തമായ പരിശോധന തുടരുന്നു.