നിയന്ത്രിത സ്‌ഫോടനങ്ങളില്‍ തകര്‍ന്നടിഞ്ഞ് മരടിലെ ഫ്‌ളാറ്റുകള്‍. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റുകളുടെ മൂന്ന് കെട്ടിടങ്ങളാണ് സ്ഫോടനത്തിലൂടെ തകര്‍ത്തത്.
എച്ച് ടു ഒ ഫ്‌ലാറ്റാണ് ആദ്യം തകര്‍ത്തത്. രാവിലെ 11.17ന് ആയിരുന്നു സ്ഫോടനം. മൂന്നു സൈറണുകളും മുഴങ്ങി സെക്കന്റുകള്‍ക്കകം തന്നെ സ്ഫോടനം നടന്നു. നിശ്ചിത സമയത്തിനും 15 മിനിറ്റ് വൈകിയാണ് സ്ഫോടനം നടന്നത്.
പിന്നാലെ രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.44 നാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ രണ്ടു ടവറുകളിലും സ്ഫോടനം നടന്നത്. 11.40 ഓടെ ആല്‍ഫ സെറീനില്‍ ഒരു അലാറം മാത്രമാണ് മുഴങ്ങിയത്. ഇതിന് പിന്നാലെ തന്നെ സ്ഫോടനവും നടന്നു. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.
ജനസാന്ദ്രതയേറിയ ആല്‍ഫ സരിനില്‍ സ്‌ഫോടനം നടത്തിയപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പലതും കായലില്‍ പതിച്ചതായി സംശയിക്കുന്നുണ്ട്. ശക്തമായ ഓളങ്ങളാണ് സ്‌ഫോടനത്തിന് പിന്നാലെ ഈ ഭാഗത്ത് കായലില്‍ ഉണ്ടായത്.
സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള കുണ്ടന്നൂര്‍-തേവര പാലത്തിലേക്ക് ചെറിയ തോതില്‍ അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പൊടിപടലം നിയന്ത്രിക്കുന്നതിന് ഫയര്‍ എഞ്ചിനുകള്‍ വെള്ളം പമ്പ് ചെയ്യുകയാണ്.
നൂറ് കണക്കിനാളുകള്‍ ഫ്‌ലാറ്റ് പൊളിക്കുന്നത് കാണാന്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. 200 മീറ്റര്‍ ചുറ്റളവിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. രാവിലെ എട്ടു മുതല്‍ ഈ പ്രദേശത്ത് പോലീസ് ആക്ട് പ്രകാരം 144 പ്രഖ്യാപിച്ചിരുന്നു.
Read more
നഗരസഭയില്‍ സജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ ഞായറാഴ്ചയാണ് തകര്‍ക്കുക