ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തില്‍ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തത്. പാര്‍ട്ടി നിലപാട് കൂടുതല്‍ ശക്തവും വ്യക്തവുമാണ്. പാര്‍ട്ടി നിലപാടാണ് വലുതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. ഗവര്‍ണറെ വിമര്‍ശിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് തയ്യാറാക്കി നല്‍കിയത് താന്‍ തന്നെയാണെന്നും രാജേഷ് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ‘വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കും’ എന്ന ട്വീറ്റിന് മറുപടി പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും രാജേഷ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
മന്ത്രി പിന്‍വലിച്ച കുറിപ്പ് ഇപ്രകാരം
ബഹുമാനപ്പെട്ട ഗവര്‍ണറുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പറയുന്നത്, മന്ത്രിമാര്‍, ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ അവരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങള്‍ ആദരവോടെ വ്യക്തമാക്കട്ടെ.
1. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ല. ആരെയും അന്തസ്സോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
2. ഒരു വൈസ്ചാന്‍സലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാള്‍ക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്‌കാരമല്ല.
Read more
3. ജനാധിപത്യത്തില്‍ ഗവര്‍ണറുടെ ‘pleasure’ എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണറുടെ പേരില്‍ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേല്‍പ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.