മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രഭാകരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ലോറി കണ്ടെത്തി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരനെ ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. ശനിയാഴ്ച രാത്രി 9ന് പാലക്കാട് ഒലവക്കോടിന് സമീപം സായ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനം തട്ടി റോഡില്‍ വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്ന് വന്ന ലോറി കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഡല്‍ഹിയിലെ ന്യൂ ഏജ് ദിനപത്രത്തില്‍ ആണ് പ്രഭാകരന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍, നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട എന്നീ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.