ഏഷ്യാനെറ്റിൽ സ്വർണക്കടത്ത് ചർച്ച കോവിഡ് ചർച്ചക്ക് വഴിമാറി; അവതാരകനായി എം. ജി രാധാകൃഷ്‌ണൻ

എഷ്യാനെറ്റ് ന്യൂസ് ചാനലിലെ സംവാദ പരിപാടിയായ ന്യൂസ് അവർ പതിവിന് വിപരീതമായി ഇന്ന് അവതരിപ്പിച്ചത് ചാനലിന്റെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. “കോവിഡിനൊപ്പം ആറ് മാസം, അപകട മുനമ്പില്‍ കേരളം” എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. തിരുവനന്തപുരത്തു നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കുറച്ച്‌ ദിവസങ്ങളായി ഏഷ്യാനെറ്റിൽ ചർച്ച ചെയ്തിരുന്നത് എന്നാൽ ഇന്ന് അത് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ചർച്ചക്ക് വഴിമാറി.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചകളിൽ ഇനി പങ്കെടുക്കില്ലെന്ന് സിപിഐ (എം) അറിയിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകൾ സിപിഐ (എം) പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ചാനലിലെ ചർച്ചകളിൽ സിപിഐ (എം) പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത് എന്നുമായിരുന്നു ബഹിഷ്കരണത്തിന് കാരണമായി ചൂണ്ടിക്കാണിച്ചത്.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സി.പി.എം തീരുമാനം ഭ്രഷ്ട് ആണ് എന്നും അത് നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണ് എന്നും എം.ജി രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഒരു അനുരഞ്ജനത്തിന് ഇരുപക്ഷവും തയ്യാറാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സാധാരണ നിലയിൽ ന്യൂസ് അവര്‍ അവതരിപ്പിക്കാത്ത ഏഷ്യാനെറ്റ് ചീഫ് എഡിറ്റർ എം.ജി രാധാകൃഷ്ണന്‍ ചാനൽ ചർച്ച നയിച്ചത്.

ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ല എന്ന സി.പി.ഐ (എം) തീരുമാനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചാനലിനെതിരെ അണ്‍ലൈക്ക് കാമ്പയിന്‍ നടന്നിരുന്നു. ഇതോടെ പാർട്ടി അനുഭാവികൾ വ്യാപകമായി ഏഷ്യാനെറ്റിന്റെ ഫെയ്സ്‍ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായി. 50 ലക്ഷത്തോളം ലൈക്കുകൾ ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഇപ്പോൾ ലൈക്കിന്റെ എണ്ണം 4,859,198 ആയി കുറഞ്ഞിട്ടുണ്ട്.

അതിനിടെ ഏഷ്യാനെറ്റ് ബഹിഷ്കരിക്കുന്നതായി സി.പി.ഐ (എം) പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ ചാനലായ കൈരളിയിലെ ചര്‍ച്ചകളുടെ അവതരണം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ഏറ്റെടുത്തിരുന്നു. ജോണ്‍ ബ്രിട്ടാസ് അവതാരകനായത് കൈരളി ചാനലിന്റെ റേറ്റിംഗിന് ഗുണകരമായിട്ടുണ്ട് എന്നാണ് സൂചന.