നാട്ടില്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി ജി സുധാകരന്‍. 2016 17 കാലയളവില്‍ കിഫ്ബിയിലുള്‍പ്പെടുത്തി നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച്- എന്‍എച്ച് 66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും നവീകരിച്ച തിരുവിഴ ക്രോസ് റോഡിന്റെയും ഉദ്ഘാടനം കണിച്ചുകുളങ്ങരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൂന്ന് പ്രളയം നേരിട്ട ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് ഇപ്പോള്‍ പഴയതിലും നന്നായി പുനര്‍നിര്‍മ്മിച്ചു. 200 കോടി രൂപ മുടക്കി വീണ്ടും റോഡ് ആധുനീകവത്കരിക്കും. ഒപ്പംതന്നെ 15 ചെറുകിട പാലങ്ങള്‍ നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കും. ഈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. തിരുവല്ല അമ്പലപ്പുഴ റോഡ് 69 കോടി രൂപ ചെലവഴിച്ചു പുനര്‍നിര്‍മ്മിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ റോഡുകളും പുതുക്കി പണിയുകയാണ്. കുപ്പപ്പുറം മുതല്‍ കരുവാറ്റ വരെയുള്ള റോഡുകള്‍ക്ക് ആവശ്യമായ പടഹാരം പാലത്തിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. ആധുനികമായ വികസനത്തിന് കാര്യത്തില്‍ പുറകില്‍ നിന്ന സ്ഥലമാണ് കുട്ടനാട്. ആലപ്പുഴ, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ വികസനം ടൂറിസം, തീര്‍ത്ഥാടനം എന്നിവയ്ക്ക് ഗുണകരമാകുന്ന വിധമാണ് ചെയ്യുന്നത്-മന്ത്രി പറഞ്ഞു.
Read more
2016- 17 കാലയളവില്‍ കിഫ്ബിയില്‍ നിന്നും 12.3 കോടി രൂപ ചെലവഴിച്ച് കണിച്ചുകുളങ്ങര -ബീച്ച് എന്‍. എച്ച് കായിപ്പുറം കായലോരം പദ്ധതിയില്‍ നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച് എന്‍. എച്ച് -66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും 2017-18 കാലയളവില്‍ ബജറ്റില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തിരുവിഴ ക്രോസ് റോഡിന്റെയും പണി പൂര്‍ത്തീകരിച്ചു. കേരളത്തിലെ നഗരവീഥികളും ഗ്രാമവീഥികളും ദേശീയപാത നിലവാരത്തില്‍ ഉയര്‍ത്തി വികസന പ്രവര്‍ത്തനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.