മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍. ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. കേവലമായ സാങ്കേതികത്വം പറയുകയാണ് സര്‍ക്കാർ. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
എസ‍്ഡിആര്‍എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വയനാട് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം കത്തയക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല അഭിപ്രായങ്ങളാണ് പറയുന്നത്. ഓഖിയും പ്രളയവും എല്‍3 ആയി പ്രഖ്യാപിച്ചല്ലോ. ഇത്ര ഭീകരമായ ദുരന്തം നടന്നിട്ടും കേന്ദ്രത്തെ ഇനിയെന്താണ് ബോധ്യപ്പെടുത്തേണ്ടത്. സര്‍ക്കാരിനോട് വിദ്വേഷമാകാം. പക്ഷേ കേരളത്തിലെ ജനങ്ങളോട് വിദ്വേഷം കാണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്. ഇന്റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ സംഘം ഒരു ദുരന്തബാധിത മേഖലയില്‍ വരുന്നത് ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും, സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും മനസിലാക്കാന്‍ വേണ്ടിയാണ്. ഇത് സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായും, കേരളത്തിലെ സംഘവുമായും അവര്‍ സംസാരിച്ചു.
വിഷയത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു, ദുരന്തത്തിന്‌റെ വ്യാപ്തി ബോധിപ്പിച്ചു. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രം കത്തയച്ചിരിക്കുകയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന്. കേരളം ആവശ്യപ്പെടുന്നത് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ്. എസ്ഡിആര്‍എഫില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ഉണ്ട് എന്നാണ് കേന്ദ്രം പറയുന്നത്. എസ്ഡിആര്‍എഫിലെ പണം ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ പറ്റില്ലല്ലോ, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും എസ്ഡിആര്‍എഫില്‍ നിന്നാണ് പണം നല്‍കുന്നത്,’ മന്ത്രി പറഞ്ഞു.
Read more
മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലുളള സഹായം കേരളത്തിനും നല്‍കണം. സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് സംസ്ഥാനമിപ്പോള്‍. ശക്തമായി സഹായത്തിനായി നിലകൊളളും. കേന്ദ്രസഹായം ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി.