സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം, സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; മുഹമ്മദ് റിയാസ്

മിത്ത് വിവാദത്തിൽ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉന്നംവച്ചായിരുന്നു പരിഹാസം. മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നും , കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ ഡൽഹിയിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാധ്യമങ്ങൾ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വിവാദത്തിൽ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു.

Read more

അതേ സമയം മിത്ത് വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൻഎസ്എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കുമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി.