എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം.എം മണി, വരുമ്പോള്‍ നോക്കാമെന്ന് രാജേന്ദ്രന്‍; ഇടുക്കിയില്‍ തമ്മിലടിച്ച് നേതാക്കള്‍

നേര്‍ക്കുനേര്‍ വാക്‌യുദ്ധവുമായി സിപിഎം നേതാക്കളായ എംഎം മണിയും എസ്. രാജേന്ദ്രനും. പാര്‍ട്ടിയോട് നന്ദികേട് കാട്ടിയ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് എം.എം മണിയാണ് വാക്‌പോരിന് കുടക്കമിട്ടത്. രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി. മൂന്നാറില്‍ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു എം.എം.മണിയുടെ പരാമര്‍ശം.

പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ട് പ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നും എം.എം മണി പറഞ്ഞു.

മണിയുടെ വിവാദ ആഹ്വാനത്തിന് മറുപടിയുമായി പിന്നാലെ എസ് രാജേന്ദ്രന്‍ രംഗത്തുവന്നു. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാന്‍ വന്നാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

എംഎം മണിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഒരാളുമല്ലാതെ മറ്റാരും താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പറയില്ലെന്നും ചിലരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.