മോദി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേരളത്തെ രക്ഷിക്കാന്‍; ബ്രഹ്മപുരത്തെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല; സര്‍ക്കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങിയെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യു.പി.എ കാലത്ത് പാക് തീവ്രവാദികള്‍ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സര്‍ക്കാര്‍ മിണ്ടാതിരിക്കുകയായിരുന്നു. മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടില്‍ കയറിയും തിരിച്ചടി നല്‍കുകയാണ്. കമ്യൂണിസ്റ്റിനെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ വികസനം കോണ്‍ഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധിക്കില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാന്‍ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു. 2024 ല്‍ നരേന്ദ്ര മോദിക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യമാണ്. എന്നാല്‍ ഈ നടപടിയെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സ്വാഗതം ചെയ്തില്ല. തീവ്രവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ പരസ്പരം തല്ലുന്നവര്‍ തൃപുരയില്‍ ഒന്നിച്ചു. എന്നാല്‍, ജനങ്ങള്‍ വിജയിപ്പിച്ചത് ബി.ജെ.പിയെയാണ്. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോണ്‍ഗ്രസ്സുകാരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ എതിര്‍ക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നുമെന്നാണ്. ഒരു ലക്ഷത്തി പതിനയ്യായിരം കോടി മോദി സര്‍ക്കാര്‍ ടാക്‌സ് ഇനത്തില്‍ കേരളത്തിന് നല്‍കി. കോണ്‍ഗ്രസ് ഭരിച്ചപ്പോഴിത് 45 ആയിരം കോടി മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.

Read more

കേരളം ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങളോട് ഇതിന് മറുപടി പറയണം.സ്വര്‍ണക്കടത്ത് കേസിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മൗനം പാലിക്കുന്നു.ഈ കേസില്‍ ജനങ്ങള്‍ വെറുതെ വിടില്ല, 2024 ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.