'ചർച്ചകൾ നടന്നിട്ടുണ്ട്': ഡി.സി.സി പുനസഘടനയിൽ ഉമ്മൻ ചാണ്ടിയെ തള്ളി കെ.മുരളീധരൻ

ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചർച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എം.പി. എം.പിമാരുമായും എം.എൽ.എമാരുമായും മുൻ പ്രസിഡന്റുമാരുമായും ചർച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഫലപ്രദമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് പറയുമ്പോഴാണ് മുരളീധരൻറെ വിശദീകരണം.

സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവര്‍ക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്‌സ് ആണ്. നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയിരുന്നു. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.