"എന്റെ പേര് 'അടൂര്‍ പ്രകാശ്', കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍"

അടൂര്‍ പ്രകാശ് എന്ന പേരില്‍ നിന്നും “അടൂര്‍” എന്ന സ്ഥലനാമം മാറ്റണമെന്ന എസ്.എഫ്.ഐ പ്രവർത്തരുടെ ആവശ്യത്തെ പരിഹസിച്ച് അടൂര്‍ പ്രകാശ് എം.പി. വെഞ്ഞാറമൂടിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ കൊലയാളികളെ സഹായിച്ചുവെന്ന് സി.പി.എം ആരോപണം ഉയര്‍ത്തുന്ന അടൂര്‍ പ്രകാശ് തന്റെ പേരില്‍ നിന്നും അടൂര്‍ ഒഴിവാക്കണമെന്നാണ് എസ് എഫ് ഐ അടൂര്‍ ഏരിയ കമ്മിറ്റി പറയുന്നത്. എന്നാൽ പേര് മാറ്റണം എന്ന എസ്.എഫ്.ഐ കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു എന്ന് അടൂര്‍ പ്രകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അടൂര്‍ പ്രകാശ് എം പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

രാവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി #രാഹുല്‍മാംങ്കൂട്ടത്തില്‍ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികള്‍ക്ക് എന്റെ പേരായ അടൂര്‍ പ്രകാശിലെ “അടൂര്‍” എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം “ആറ്റിങ്ങല്‍ പ്രകാശ്” എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുല്‍ പങ്കുവെച്ചു.
അടൂരിലെ SFIക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുന്‍പാണ് അതായത് ഞാന്‍ കൊല്ലം SN കോളേജില്‍ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂര്‍പ്രകാശ് എന്ന പേര് സ്വീകരിച്ചത്.
അടൂര്‍ പ്രകാശ് എന്ന പേരിലാണ് ഞാന്‍ 1996-ല്‍ (അന്നും നിങ്ങള്‍ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയില്‍ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടര്‍ന്ന് 23 വര്‍ഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാന്‍ അവരില്‍ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് “അടൂര്‍ പ്രകാശ്” എന്നായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഞാന്‍ ആറ്റിങ്ങല്‍ എന്ന മറ്റൊരു ഇടത് കോട്ടയില്‍ മത്സരിക്കാനെത്തിയത്. അവിടുത്തെ “സീനിയറായ” എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലര്‍പ്പില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി ഞാന്‍ ആറ്റിങ്ങല്‍ MP ആയത്. അപ്പോഴും എന്റെ പേര് “അടൂര്‍ പ്രകാശ്” എന്നായിരുന്നു.
കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേര്‍ത്തു വെക്കുമ്പോഴും എന്റെ പേര് “അടൂര്‍ പ്രകാശ്” എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്.
നിങ്ങള്‍ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാര്‍ട്ടി നോക്കാതെ ഞാന്‍ ചെയ്തു തന്നിട്ടുള്ളത് നിങ്ങള്‍ക്ക് അറിവുള്ളതാണെല്ലോ!
(നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അറിവുള്ളവരോട് ചോദിച്ചാല്‍ അവര്‍ ക്യാപ്സൂള്‍ രൂപത്തില്‍ പറഞ്ഞുതരും.)
എന്നാല്‍ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.

Read more

https://www.facebook.com/Adoorprakash/posts/3141543395944001