സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 4141 ഹെക്ടര്‍ ഭൂമി സ്വാഭാവിക വനമാക്കി മാറ്റും. 10,228 ഏക്കര്‍ ഭൂമിയിലാണ് സ്വാഭാവിക വനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ ആദ്യപടിയുടെ ഭാഗമായി പതിനായിരത്തിലധികം ഏക്കര്‍ വരുന്ന ഭൂമിയിലുള്ള നേരത്തെ നട്ടുപിടിപ്പിക്കപ്പെട്ടവ അടക്കം അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റില്‍, തേക്ക്, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്യും. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്രയും സ്ഥലത്തെ അക്കേഷ്യ- മാഞ്ചിയം പോലത്തെ ജലസ്രോതസുകളെ അടക്കം ബാധിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചത്. അക്കേഷ്യപോലുള്ള മരങ്ങള്‍ ജലക്ഷാമത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കഴിഞ്ഞ കാലങ്ങളില്‍ പല പഠനങ്ങളും തെളിയിച്ചതാണ്. സാമൂഹികവനവത്കരണ പദ്ധതിയുടെ ഭാഗമായി 1950- 1980-നും ഇടയിലാണ് സംസ്ഥാനത്ത് സ്വാഭാവിക വനം വെട്ടിത്തെളിച്ച് വിദേശ ഇനങ്ങള്‍ വെച്ചുപിടിപ്പിച്ചത്. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പിന്നീട് വഴിവെച്ചു.
ഇപ്പോള്‍ പ്രദേശത്തിനനുസരിച്ച് സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയാണ് പുതിയ പദ്ധതി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് സ്വാഭാവിക വനം വെച്ചുപിടിപ്പിക്കല്‍ പദ്ധതിയ്ക്ക് കൂടുതല്‍ വേഗം വന്നത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റി അതാത് പ്രദേശങ്ങളുടെ ഭൂമിയ്ക്ക് അനുസരിച്ച് മരങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് സ്വാഭാവിക വനമാക്കി മാറ്റുക.
മലവേപ്പ്, വട്ട, ഞാവല്‍, കാട്ടുനെല്ലി, വാക, മുള തുടങ്ങിയ മരങ്ങളാണ് സ്വാഭാവിക വനം വെച്ചുപിടിപ്പിക്കലിന് ഉപയോഗിക്കുക. പ്രദേശത്തിനുമനുസരിച്ച് സ്വാഭാവിക മരങ്ങളായ ഇവ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വെച്ചുപിടിപ്പിക്കും. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നട്ടുപിടിപ്പിക്കുന്നതോടെ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് കുറയുമെന്നാണ് കണക്കുകൂട്ടല്‍.
ഏകവിളത്തോട്ടങ്ങള്‍ മാറ്റി തദ്ദേശീയ മരങ്ങള്‍ നടാനുള്ള സര്‍ക്കാര്‍ പദ്ധതി 2021-ലാണ് ആരംഭിച്ചത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സര്‍ക്കിളുകളിലായി തദ്ദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളിലെ വനങ്ങളില്‍നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ പൂര്‍ത്തിയാകാന്‍ 21 വര്‍ഷം വേണമെന്നും നേരത്തെ വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
27,000 ഹെക്ടര്‍ സ്ഥലത്ത് രണ്ടു പതിറ്റാണ്ടുകൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി മികച്ച വേഗതയില്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഏകവിളത്തോട്ടങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊല്ലം, തൃശ്ശൂര്‍ സര്‍ക്കിളിന്റെ കീഴിലുള്ള 748 ഹെക്ടര്‍ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളില്‍നിന്നും അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കുന്നതിന് കോട്ടയം വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍, നേരത്തത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്) കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഡിവിഷന്‍ ഏകവിളത്തോട്ടങ്ങള്‍ നീക്കംചെയ്യുന്ന പദ്ധതി പ്രകാരം തൃശ്ശൂര്‍ 682 ഹെക്ടറിലും തിരുവനന്തപുരത്ത് 276 ഹെക്ടറിലും മരങ്ങള്‍ നീക്കും. മറയൂര്‍ 150, നെന്മാറ 240, കാസര്‍കോട് 125 ഹെക്ടര്‍ ഭൂമി എന്നിങ്ങനെയാണ് ഏകവിളത്തോട്ടങ്ങള്‍ നീക്കം ചെയ്യുക. വയനാട് 1300 ഹെക്ടറിലും പാലക്കാട് 564 ഹെക്ടറിലും കോട്ടയം 290 ഹെക്ടറര്‍ ഭൂമിയിലും മൂന്നാര്‍ 514 ഹെക്ടറിലും ഇത്തരത്തില്‍ ഏകവിളത്തോട്ടങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം സ്ഥാപിക്കല്‍ പ്രക്രിയ നടക്കും.
Read more
ഏകവിളത്തോട്ടങ്ങള്‍ മുറിച്ചുമാറ്റി തദ്ദേശീയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ വന്യജീവിശല്യത്തിനും പരിഹാരമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കാടിനുള്ളിലെ സ്വാഭാവിക സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമമെന്ന് സംസ്ഥാന സര്‍ക്കാരും അടിവരയിട്ടു പറയുന്നു. അതിനായി ചതുപ്പുകളും കുളങ്ങളും സംരക്ഷിക്കണമെന്നും കാട്ടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്താന്‍ കുളങ്ങളും തടയണകളും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ സംരക്ഷിക്കാന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇതിന് തുടക്കമിട്ടു കഴിഞ്ഞു. സര്‍ക്കാരിന് അധികബാധ്യത വരാതെ തദ്ദേശ, പൊതു സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഇടത് സര്‍ക്കാര്‍ തീരുമാനം.