കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ നീതു, കാമുകന്‍ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക്‌ടോക് വഴി. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. നീതു വിവാഹമോചിതയാണെന്നാണ് ഇബ്രാഹിമിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്ന വിവരം ഭര്‍ത്താവിനേയും ഇബ്രാഹിമിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം കാമുകനില്‍ നിന്ന് മറച്ച് വെച്ചിരുന്നു. ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ വിവരം മറച്ച് വെച്ച് നീതു ഇബ്രാഹിമുമായി അടുപ്പത്തിലായി. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് ഭര്‍ത്താവിന്റേത് ആണെന്ന് ഭര്‍ത്താവിനേയും, ഇബ്രാഹിമിന്റേത് ആണെന്ന് അയാളേയും വിശ്വസിപ്പിച്ചു. എന്നാല്‍ ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് നീതു അയാളെ കുടുക്കാന്‍ ശ്രമിച്ചത്.
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പിക്കാന്‍ ആയിരുന്നു ഉദ്ദേശം. ഇയാള്‍ തന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടെന്നും നീതു പൊലീസിന് മൊഴി നല്‍കിയിരുന്നു. നീതുവിന്റെ മാതാപിതാക്കള്‍ ഇന്നലെ സ്റ്റേഷനില്‍ എത്തിയിരുന്നു. മറ്റാര്‍ക്കും സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും നീതുവിനെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ നീതു വിവാഹശേഷമാണ് എറണാകുളത്തേക്ക് താമസം മാറിയത്. രണ്ടാഴ്ച മുമ്പാണ് നീതുവിന്റെ ഭര്‍ത്താവ് നാട്ടിലെത്തി മടങ്ങിയത്.
Read more
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിക്ക് ഉണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സൂപ്രണ്ടും ഉത്തരവിട്ടു.