69ാമത് നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന്‍ നേടി. നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തും കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ നാലാം സ്ഥാനത്തുമായി ഫിനീഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടമാണിത്.
ഹീറ്റ്‌സുകളില്‍ മികച്ച സമയം കുറിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍, കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ എന്നീ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.
തേര്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ കൊടുപ്പുന്ന ക്ലബ് തുഴഞ്ഞ ജവാഹര്‍ തായങ്കരി ഒന്നാമത് എത്തി. സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാമത്. കുമരകം സമുദ്ര ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. ഫസ്റ്റ് ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്) ഒന്നാമത് എത്തി.
ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് പുന്നമടക്കായലില്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുത്തത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടന്‍ വള്ളങ്ങള്‍ തുഴഞ്ഞിരുന്നു.
Read more
ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ ലാന്റ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ച് പതാക ഉയര്‍ത്തിയത്.