കൊച്ചിയില്‍ പുതുവത്സര ആഘോഷം രാത്രി പന്ത്രണ്ട് വരെ മാത്രം; ജില്ല പൊലീസ് വലയത്തില്‍

കൊച്ചി നഗരത്തില്‍ പുതുവല്‍സരാഘോഷം രാത്രി പന്ത്രണ്ട് വരെ മാത്രം. പുതുവല്‍സരാഘോഷം രാത്രി പന്ത്രണ്ടിനുശേഷം അവസാനിപ്പിക്കണമെന്നും ഡി.ജെ. പാര്‍ട്ടികളിലടക്കം കര്‍ശന പരിശോധനയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

ജില്ലാ അതിര്‍ത്തിയിലടക്കം പട്രോളിംഗ് ശക്തമാക്കുമെന്ന് എറണാകുളം റൂറല്‍ പൊലീസും അറിയിച്ചു. പാര്‍ട്ടികള്‍ നടക്കുന്ന വേദികളിലടക്കം മഫ്തിയില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. നിലവില്‍ ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നഗരത്തിനുള്ളിലും അതിര്‍ത്തിയിലും വാഹന പരിശോധന കര്‍ശനമാക്കും. സമാന നിയന്ത്രണങ്ങളാണ് ജില്ല മുഴുവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more

ജില്ലാ അതിര്‍ത്തിക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും റൂറല്‍ പൊലീസ് അറിയിച്ചു. ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലായെന്ന് ഉറപ്പിക്കാന്‍ രണ്ടാഴ്ച മുന്‍പുതന്നെ നിരീക്ഷണം തുടങ്ങിയിരുന്നു.