ദുരൂഹത ആരോപണം ഉയരുന്ന നെയ്യാറ്റിൻകര ഗോപന്റെ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സബ് കളക്ടർ ഒ വി ആൽഫ്രഡ് അറിയിച്ചു. കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കല്ലറ ഇന്ന് പൊളിക്കുമെന്ന് അറിയിച്ചിരുന്നെകിലും പ്രതിഷേധത്തെ തുടർന്ന് പൊളിക്കൽ നിർത്തിയിരുന്നു.
എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.
സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും സബ് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കല്ലറ പൊളിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിരുന്നു. എന്നാൽ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിഷേധവുമായി ഗോപന്റെ ഭാര്യയും മകനും രംഗത്തെത്തി. പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്നാണ് കല്ലറ പൊളിക്കൽ മാറ്റിയത്.
നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. അതേസമയം ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപന്റെ ഭാര്യ സുലോചന പറഞ്ഞിരുന്നു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.
ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ലെന്നും ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും സുലോചന പറയുന്നു. നടക്കാൻ കഴിയുമായിരുന്നു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. അതേസമയം ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി.