പാകിസ്ഥാന്‍ പിന്തുണയില്‍ ഭീകരസംഘടന പ്രവര്‍ത്തനം; കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; മൊബൈലടക്കം പിടിച്ചെടുത്തു

പാകിസ്ഥാന്‍ പിന്തുണയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി റെയിഡ് നടത്തിയത്. കേരളത്തില്‍ കോഴിക്കോട് ടൗണിലാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു റെയിഡ്. കേരളത്തിന് പുറമെ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും എന്‍ഐഎ റെയിഡ് നടത്തിയിരന്നു.

മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. എല്ലായിടത്തുനിന്നും
മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റു രേഖകള്‍ എന്നിവ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗസ് വ ഇ ഹിന്ദ് എന്ന സംഘടന പാകിസ്താനിലെ തീവ്രവാദികളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ റോ റിപ്പോറട്ട് നല്‍കിയിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ബീഹാര്‍ പോലീസ് രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയിലാണ് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ സംഘടനകള്‍ പ്രവൃത്തിക്കുന്നുവെന്ന് ഇയാര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ റെയിഡ് നടത്തിയത്.