'നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

കണ്ണൂർ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.