ബസ് ഉടമകള്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ല; ആന്റണി രാജു

സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ദ്ധന നേരത്തെ തന്നെ അംഗീകരിച്ചതാണ്. എങ്ങനെ വേണം എപ്പോള്‍ വേണം എന്നതാണ് തീരുമാനിക്കാനുള്ളത്. ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് 30 ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം എടുക്കും. എടുത്തു ചാടി സമരത്തിന് പോകരുതെന്ന് ബസ് ഉടമകളോട് പറഞ്ഞതാണ്. അത് കേള്‍ക്കാതെയാണ് സമരത്തിന് പോയത്. അതു കൊണ്ട് യാതൊരു നേട്ടവും അവര്‍ക്ക് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായായാണ് ബസ് ഉടമകള്‍ പറഞ്ഞത്. ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണനയിലാണ് എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ തുടങ്ങുന്നത് കൂടി പരിഗണിച്ചാണ് സമരം നിര്‍ത്തിയതെന്ന് ഉടമകള്‍ പറഞ്ഞു.

നാല് ദിവസമായി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുകയായിരുന്നു. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബസ് യാത്രാനിരക്കില്‍ ഒരു തീരുമാനം ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.

Read more

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലായിരുന്നു പണിമുടക്ക് നടന്നത്.