ഭരണഘടനയെ അവഹേളിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണ്ടെന്ന് സര്ക്കാര് നിലപാട്. ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് മേധാവിക്ക് സർക്കാർ നിർദേശം നൽകി. മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ടാണ് നിർദേശം.
കേസിൽ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നലകിയ നിർദേശം. സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം. മറുഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതിനാൽ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.
അതേസമയം അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ ഇടപ്പെട്ട് അന്വേഷണം തടഞ്ഞത്.പാർട്ടി അനുമതി നൽകിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിനെ ഉടൻ സമീപിച്ചേക്കും. ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധ ഇടപെടാനുള്ള സാധ്യതയാണ് ഏറെയും.
കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്റെ രാജി വെക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. ധാര്മ്മികതയുടെ പേരിൽ ഒരു വിഷയത്തിൽ ഒരു തവണ മതി രാജിയെന്ന വിചിത്ര വാദം നിരത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ.
‘കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.