ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ല; ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം വകുപ്പിനെതിരെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി പ്രായോഗികമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും കടകംപള്ളി പറഞ്ഞു. താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തന്റെ മണ്ഡലത്തില്‍ തുടക്കമിട്ട ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായി കടകംപള്ളി സഭയില്‍ ആരോപിച്ചിരുന്നു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടൂറിസം വകുപ്പ് കരാര്‍ നീട്ടിക്കൊണ്ട് പോകുന്നതായും വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കടകംപള്ളി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

Read more

അതേസമയം ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് സഭയില്‍ കടകംപള്ളിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകുമെന്ന് മാത്രമാണ് പിഎ മുഹമ്മദ് റിയാസ് സഭയില്‍ അറിയിച്ചത്.