സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ല; താന്‍ പാര്‍ട്ടിയില്‍ തുടരരുതെന്ന് കെവി ശശി ആഗ്രഹിക്കുന്നുവെന്ന് എസ് രാജേന്ദ്രന്‍

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്ന് മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഎം അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം സമീപിച്ചിരുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ താന്‍ സിപിഎമ്മില്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തമിഴ്നാട്ടില്‍ നിന്നുള്ള ദേശീയ നേതാവ് നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നതായും പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടതായും രാജേന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും പാര്‍ട്ടി തിരിച്ചെടുക്കാത്തതില്‍ എസ് രാജേന്ദ്രന് അതൃപ്തിയുണ്ടായിരുന്നു.

Read more

നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്. അതേ സമയം പാര്‍ട്ടി സസ്പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം എടുത്തില്ലെങ്കില്‍ മറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് രാജേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു. 2006,2011,2016 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എസ് രാജേന്ദ്രന്‍ ദേവികുളത്ത് നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.