ഛത്തീസ്ഗഢില്‍ വനമേഖലയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും സംസ്ഥാനതല പ്രത്യേക നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ രണ്ട് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ജവാന്മാരെ സുക്മ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടോടെ ദന്തേവാഡ-സുക്മ അതിര്‍ത്തി പ്രദേശത്തെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വര്‍ഷം ഇതുവരെ 132 മാവോയിസ്റ്റുകളാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Read more
എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഇന്‍സാസ് റൈഫിള്‍, പോയിന്റ് 303 റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍, ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ തുടങ്ങിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഡിആര്‍ജിയും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെത്തിയത്. ബീജാപൂരും സുക്മയും സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളാണ്.