തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും മത്സരമെന്ന് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങളാണ് വിജയ് ഉയര്‍ത്തിയത്. ഡിഎംകെയുടെ രഹസ്യ ഉടമയാണ് ബിജെപി. ഡിഎംകെ കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും ബിജെപിയുമായി നിശ്ശബ്ദ കരാറിലാണെന്നും അദേഹം പറഞ്ഞു.
ഡിഎംകെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ ഡിഎംകെയ്ക്ക് എന്തവകാശമാണുള്ളത്. ബിജെപിയെ പോലെത്തന്നെ ഡിഎംകെയും ഫാസിസം കാട്ടുന്നു. നിയമം അനുസരിക്കുന്നതുകൊണ്ടു മാത്രമാണ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നത്. തന്നെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചാല്‍ കൊടുങ്കാറ്റായി മാറുമെന്നും വിജയ് പറഞ്ഞു.
ബഹുമാനപ്പെട്ട മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍, നിങ്ങളുടെ പേരിലുള്ള ധൈര്യം മാത്രം പോരാ. പ്രവര്‍ത്തനത്തിലും അത് കാണിക്കണം. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബംമാത്രം നന്നായി ജിവിക്കണമെന്നാഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും. അടുത്തവര്‍ഷം ഡിഎംകെയെ പരാജയപ്പെടുത്തുന്നതില്‍ സ്ത്രീവോട്ടര്‍മാര്‍ക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്നും വിജയ് പറഞ്ഞു.
എന്നാല്‍, വിജയി രൂക്ഷമായ വിമര്‍ശം ഉയര്‍ത്തിയെങ്കിലും അതിനോട് പ്രതികരിക്കാന്‍ ഡിഎംകെ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ബിജെപി അധ്യക്ഷനായ ഉടനെ അണ്ണാമലൈ നടത്തിയ ആരോപണങ്ങള്‍ക്ക് ഡിഎംകെ ഉടന്‍ മറുപടി നല്‍കിയതാണ് അദേഹത്തെ വളര്‍ത്തിയതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ആരോപണങ്ങളെ തള്ളിക്കളയുന്നതിനു പകരം, മറുപടി നല്‍കുന്നതു പ്രതിരോധിയെ വളര്‍ത്താന്‍ മാത്രമെ ഉപകരിക്കൂ എന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങി. ഇതോടെയാണ് വിജയ്യുടെ വിമര്‍ശനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചത്.
Read more
ടിവികെ എന്ന പാര്‍ട്ടിക്കു പുറത്ത് വിജയ്ക്കു ലക്ഷണക്കണക്കിനു വരുന്ന ആരാധകര്‍ തമിഴ്‌നാട്ടിലുണ്ട്. പാര്‍ട്ടി അംഗത്വമില്ലെങ്കിലും വിജയ് രസികര്‍ എന്ന പേരില്‍ അഭിമാനം കൊള്ളുന്നവര്‍. അവരില്‍ ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി തുടങ്ങി നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്. വിജയ്ക്കെതിരായ ഓരോ നീക്കവും ഈ ആരാധകരെ വിജയ് പക്ഷത്തെത്തിക്കുമെന്നും ഡിഎംകെ കരുതുന്നുണ്ട്. അതിനാലാണ് തിരക്കിട്ട് പ്രതികരണങ്ങള്‍ നടത്താത്തത്.