ഇന്ധന വില കൂടിയതോടെ എണ്ണക്കള്ളന്‍മാരിറങ്ങി; വീടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ സൂക്ഷിക്കുക

മലയന്‍കീഴിലെ വീടുകളില്‍ വാഹനങ്ങളിലെ ഇന്ധനം മോഷണം പോകുന്നതായി പരാതി. ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷകളിലെയും പെട്രോളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

മലയന്‍കീഴ് കുന്നുംപാറ മുതല്‍ വ്യാസ സ്‌കൂളിന് അടുത്ത് വരെയുള്ള 13 വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയെടുത്തിരിക്കുന്നത്. പെട്രോളിന് പുറമെ കവര്‍ച്ചക്കാര്‍ വാഹനത്തിന്റെ ആര്‍.സി ബുക്ക് അടക്കമുള്ള രേഖകളും മോഷ്ടിച്ചു കൊണ്ട് പോകുകയാണ്.

Read more

ഇന്ധനവില ദിവസം തോറും കൂടിവരുന്ന സാഹചര്യത്തിലാണ് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഈ പ്രദേശങ്ങളില്‍ നേരത്തെയും ഇന്ധന മോഷണം ഉണ്ടായിട്ടുണ്ട്.