സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യാന്‍ തീരുമാനമായി. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസിന് മുന്‍പ് ഒരു മാസത്തെ തുക ലഭ്യമാക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 900 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ക്ഷേമ പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പണം ലഭിക്കും.
നിലവില്‍ ഡിസംബര്‍ മാസത്തെ ഉള്‍പ്പെടെ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്. പെന്‍ഷന്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുന്‍പായി ഒരു മാസത്തെ പെന്‍ഷന്‍ നല്‍കിയിരുന്നു.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിനായി കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ സംസ്ഥാന സര്‍ക്കാര്‍ 2,000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കി പണം സ്വരൂപിക്കാന്‍ ധനവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
Read more
64 ലക്ഷം പേരാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന് അര്‍ഹരായിട്ടുള്ളവര്‍. മസ്റ്ററിങ് പൂര്‍ത്തിയാക്കിയ 50 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ഉടന്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസംതന്നെ പെന്‍ഷന്‍ ആനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.