സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ വായ്പാ ആപ്പ്. ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്ന് കടമെടുത്ത വയനാട് അരിമുള സ്വദേശി അജയ് രാജ് ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അജയ് ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ സാധിക്കാതായതോടെ ഓണ്‍ലൈന്‍ ആപ്പുകളില്‍നിന്ന് ഇയാള്‍ ഭീഷണി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറയുന്നു.
എറണാകുളം കടമക്കുടിയില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ ജീവനൊടുക്കി ദിവസങ്ങള്‍ കഴിയുമ്പോഴാണ് വയനാട്ടില്‍ നിന്ന് വീണ്ടുമൊരു വാര്‍ത്ത കൂടി എത്തുന്നത്. കടമക്കുടിയില്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്ക് അയച്ചതിന് സമാനമായി വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് അജയ് രാജിനെയും ഓണ്‍ലൈന്‍ ഇടപാടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
കടമക്കുടിയിലെ സംഭവത്തില്‍ ഉന്നതതല പൊലീസ് സംഘം ഊര്‍ജ്ജിത അന്വേഷണം തുടരുകയാണ്. ആത്മഹത്യ ചെയ്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ച് വരുന്നു.
അതേ സമയം ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിലവിലെ ഐടി നിയമം അനുസരിച്ച് ഓണ്‍ലൈന്‍ ആപ്പുകളെ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ നിയമ വിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥകളുള്ള നിയമം കൊണ്ടുവരാനാണ് പദ്ധതി. റിസര്‍വ്ബാങ്കിന്റെ അനുമതിയുള്ള ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
Read more
നിലവില്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളും കോണ്‍ണ്ടാക്ട് ലിസ്റ്റും ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന തരത്തിലാണ് ആപ്പുകളുടെ പ്രവര്‍ത്തനം. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഇരകളെ വേട്ടയാടുന്നത്. ഇതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.