IPL 2025: ആ താരം സെറ്റ് ആയാൽ പിന്നെ എതിരാളികൾ മത്സരം മറന്നേക്കുക, നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ പറ്റില്ല: നവ്‌ജ്യോത് സിംഗ് സിദ്ധു

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി തകർപ്പൻ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് ബാറ്റിംഗ് അനുകൂല ട്രാക്കിൽ കാര്യമായ ഒന്നും ചെയ്യാനായില്ല. ആ‍ർസിബി ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും സായ് സുദർശൻറെയും ബാറ്റിംഗ് മികവിൽ ഗുജറാത്ത് അനായാസം മറികടക്കുക ആയിരുന്നു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്‌ലർ 39 പന്തിൽ 5 ഫോറുകളും 6 സിക്‌സറുകളും സഹിതം പുറത്താകാതെ 73 റൺസ് നേടിയപ്പോൾ ഗുജറാത്ത് 170 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ പൂർത്തിയാക്കി.

വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന ബട്‌ലർ, പതിനെട്ടാം സീസണിൽ രാജസ്ഥാൻ റോയൽസ് നിലനിർത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗുജറാത്തിലേക്ക് മാറി. ജിടി അദ്ദേഹത്തെ 15.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇന്നലെ 36 പന്തിൽ നിന്ന് 49 റൺസ് നേടിയ സായ് സുദർശനുമായി 75 റൺസിന്റെ മാച്ച് വിന്നിംഗ് പാർട്ണർഷിപ്പ് പങ്കിട്ടു.

ബട്‌ലറുടെ പ്രകടനത്തിൽ മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ആർ‌സി‌ബിക്കെതിരായ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു. “വലിയ കളിക്കാർ സെറ്റ് ആയി കഴിഞ്ഞാൽ, അവർ അവരുടെ ടീമുകൾക്ക് വേണ്ടി അവസാനം വരെ ക്രീസിൽ ഉണ്ടാകും. നിങ്ങൾ 25-30 വേഗത്തിൽ റൺസ് നേടി പുറത്തായാൽ, നിങ്ങളെ മാച്ച് വിന്നർ എന്ന് വിളിക്കില്ല,” അദ്ദേഹം പറഞ്ഞു.

“എന്നാൽ നിങ്ങൾ 30 റൺസ് കടന്ന് ടീമിനായി ഒരു മത്സരം ജയിക്കാൻ അവസാനം വരെ നിൽക്കുമ്പോൾ, നിങ്ങൾ ഒരു വിലപ്പെട്ട കളിക്കാരനായി മാറുന്നു. ഐപിഎല്ലിൽ ജോസ് ബട്‌ലർ സെറ്റ് ആയാൽ അദ്ദേഹത്തിന്റെ ടീമിനെ തോൽപ്പിക്കുക അസാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more