ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലം; ഉഗ്ര ശബ്ദത്താലും കുലുക്കത്താലും ഉറങ്ങാനാകാതെ പോത്തുകല്ല് പഞ്ചായത്ത്

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തും. ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഉഗ്ര ശബ്ദവും കുലുക്കവും രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

പത്ത് ദിവസം മുന്‍പും പ്രദേശത്ത് സമാന രീതിയില്‍ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടു. എന്നാല്‍ അധികൃതരെ വിവരം അറിയിച്ചിട്ടും തുടര്‍നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ വീടുകളില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് പരിശോധനയ്ക്കായി ജിയോളജി വകുപ്പും ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തും.

കഴിഞ്ഞ ദിവസം ഉഗ്ര ശബ്ദം പുറത്തുവന്നതിന് പിന്നാലെ 150ഓളം ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആളുകള്‍ ഉഗ്ര ശബ്ദത്തെ തുടര്‍ന്ന് ഭയന്ന് റോഡുകളില്‍ തടിച്ച് കൂടിയിരുന്നു. രാത്രി തന്നെ അധികൃതര്‍ സ്ഥലത്തെത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

Read more

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമാണ് പോത്തുകല്ല് പഞ്ചായത്ത്. പോത്തുകല്ല് പഞ്ചായത്തിലെ ജനങ്ങള്‍ വയനാട് ദുരന്തത്തിന്റെ കെടുതികള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞവര്‍ കൂടിയാണ്. പ്രദേശത്ത് ഒരു കിലോമീറ്റര്‍ മേഖലയിലാണ് ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെടുന്നത്.