വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

വിളവെടുപ്പിന്റെ സമ്പല്‍സമൃദ്ധിയുടെയും വിഷുക്കാലത്ത് കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് മോചനമില്ല. സംസ്ഥാന സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കര്‍ഷകരുടെ നെല്ല് സംഭരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും പണം ലഭിക്കാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.

നെല്ല് സംഭരിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ് നല്‍കിയിരുന്നു. എന്നാല്‍ പിആര്‍എസുമായി ബാങ്കുകളിലെത്തിയ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകളും തയ്യാറല്ല. പിആര്‍എസ് മുഖേന നെല്ലിന്റെ വിലയല്ല ബാങ്കുകള്‍ നല്‍കുന്നത്. വായ്പയായാണ് കര്‍ഷകര്‍ക്ക് അവരുടെ വിളയുടെ വില ബാങ്കുകള്‍ നല്‍കുന്നത്.

ഈ പണം പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം ബാങ്കുകള്‍ക്ക് നല്‍കുന്നതാണ് രീതി. എന്നാല്‍ നിലവില്‍ ഈ പണം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നില്ല. മാര്‍ച്ചിന് മുന്‍പ് പിആര്‍എസില്‍ പണം നല്‍കാത്തതാണ് ഇതിന് കാരണം. നെല്ലിന്റെ പണം നല്‍കുന്നത് നിറുത്തിവെക്കാന്‍ സപ്ലൈകോയുടെ നിര്‍ദ്ദേശമുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ കര്‍ഷകരെ അറിയിച്ചു.

സംസ്ഥാനത്ത് 57,000 നെല്‍ കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. സപ്ലൈകോയുടെ അംഗീകാരമുള്ള സ്വകാര്യമില്ലുകളാണ് നെല്ല് സംഭരിച്ച് കൊണ്ടുപോയത്. എന്നാല്‍ കൊണ്ടുപോയ നെല്ലിന്റെ പണം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍.

നിലവില്‍ 28.20 രൂപയാണ് നെല്ലിന് കിലോയ്ക്ക് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്ന വില. ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വിളയുടെ വില വായ്പയായി
നല്‍കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കാന്‍ വൈകുന്നതോടെ കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ ക്രമാധീതമായി കുറയും.

ഇത് നിത്യ ജീവിതത്തിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ട്. പിആര്‍എസ് നിറുത്തലാക്കി ബാങ്കുകള്‍ മുഖാന്തിരം ഡ്രാഫ്റ്റായി പണം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.