മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു; രാഷ്ട്രീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയമായി ഉന്നംവെച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കെഎസ്കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. 20% ആളുകൾക്ക് സംതൃപ്തി വരുത്താനാകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തിരുത്തണം. പാവപ്പെട്ടവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

അതേസമയം പിഎസ്സി കോഴ വിവാദത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ എം.വി ഗോവിന്ദൻ പറഞ്ഞു. സംഭവത്തേക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.